ന്യൂഡൽഹി: പ്രമുഖ നേപ്പാളി നടൻ സുനിൽ ഥാപ്പ (68) അന്തരിച്ചു. കാഠ്മണ്ഡുവിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഥാപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നാണ് നിഗമനം.
ബോളിവുഡ് സിനിമ ‘മേരി കോമി’ൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടി പ്രിയങ്ക ചോപ്രയാണ് മേരി കോമിന്റെ വേഷം അവതരിപ്പിച്ചത്. മേരി കോമിന്റെ കോച്ച് നർജിത് സിംഗിന്റെ റോളിലാണ് സുനിൽ ഥാപ്പ അഭിനയിച്ചത്. ഫിലിംഫെയർ അവാർഡ് നോമിനേഷനിൽ അദ്ദേഹത്തിന്റെ പ്രകടനം ഇടം നേടിയിരുന്നു.
മുന്നൂറിലേറെ നേപ്പാളി സിനിമകളിൽ സുനിൽ ഥാപ്പ അഭിനയിച്ചിട്ടുണ്ട്. ഗൂർഖ പാൽട്ടൺ, ശിക്കാരി, ശിക്കാരി 2, കർമയോദ്ധ, ദേവാർ ബാബു തുടങ്ങിയവയാണ് പ്രമുഖ സിനിമകൾ. എക്ലോ ആണ് അവസാന നേപ്പാളി സിനിമ. നിരവധി ഹിന്ദി, തമിഴ്, ഭോജ്പുരി സിനിമകളിലും ഥാപ്പ അഭിനയിച്ചിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ കമൽ ഹാസൻ-രതി അഗ്നിഹോത്രി സിനിമ ‘എക് ദുജേ കേ ലിയേ’ ആണ് സുനിൽ ഥാപ്പയുടെ ആദ്യ ബോളിവുഡ് സിനിമ.
മാനവ് ഹത്യ, ആജ് കി ആവാസ്, മനു ദ ഗ്രേ, ആൽബെല, നസീബ്വാല തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ഹിന്ദി സിനിമകളാണ്.